ജീവനക്കാർക്ക് വെല്ലുവിളിയായി എ.ഐ; നിക്ഷേപം ശക്തമാക്കി ഗൂഗിൾ

നൂറുകണക്കിന് ജോലിക്കാരെ പിരിച്ചു വിട്ടുകൊണ്ട് ആർട്ടിഫിഷ്യൽ ഇൻറലിജൻസ് രംഗത്ത് നിക്ഷേപം ശക്തമാക്കാൻ ഒരുങ്ങി ഗൂഗിൾ സിഇഒ സുന്ദർ പിച്ചൈ. കഴിഞ്ഞ ആഴ്ച ഏകദേശം പതിനായിരത്തോളം ജോലിക്കാരെ പിരിച്ചുവിട്ടു കൊണ്ട് മുന്നറിയിപ്പുമായി പിച്ചൈ രംഗത്ത് വന്നിരുന്നു. കൂടുതൽ ജീവനക്കാർക്ക് ഇനിയും തൊഴിൽ നഷ്ടമാകും. തൊഴിൽ മേഖലയിൽ മെച്ചപ്പെട്ട കാര്യക്ഷമതയ്ക്ക് വേണ്ടി ആർട്ടിഫിഷൽ ഇന്റലിജൻസ് സാധ്യതകൾ പ്രയോജനപ്പെടുത്താൻ ഗൂഗിൾ നടപടിക്രമത്തിലേക്ക് നീങ്ങുകയാണ്.

മനുഷ്യന് പകരം എ.ഐ കളെ കൊണ്ടുവരുകയാണ് ലക്ഷ്യം. ആർട്ടിഫിഷൽ ഇന്റലിജൻസ് രംഗത്ത് നിക്ഷേപം ശക്തമാക്കിക്കൊണ്ട് എ.ഐ വ്യാപകമാക്കാൻ കമ്പനി ലക്ഷ്യമിടുന്നതായി അന്താരാഷ്ട്ര മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്യുന്നുണ്ട്. കൂടാതെ 2024 ൽ ലോകത്തിലെ ഏറ്റവും മികച്ച എ.ഐ പുറത്തിറക്കാൻ ഗൂഗിൾ പദ്ധതിയിടുന്നതായും റിപ്പോർട്ടുണ്ട്. മുപ്പതിനായിരത്തോളം വരുന്ന ജീവനക്കാരുടെ പരസ്യ സെയിൽസ് യൂണിയന്റെ ചില ഭാഗങ്ങൾ പുനഃ സംഘടിപ്പിക്കാൻ ഒരുങ്ങുകയാണ് ഗൂഗിൾ.

ഗൂഗിളിന്റെ ലാർജ് കസ്റ്റമർ സെയിൽസ് (എൽ. ജി .എസ്) ടീമിനെയാണ് പുനഃ സംഘടിപ്പിക്കുന്നത്. ഇത് വലിയ പരസ്യങ്ങളെ കൈകാര്യം ചെയ്യുന്നു. എൽജിഎസ് ടീമിനെ തരംതാഴ്ത്തിക്കൊണ്ട് ചെറിയ പരസ്യ ദാതാക്കളെ അടിസ്ഥാനമാക്കിയുള്ള ജി.സി.എസ് (ഗൂഗിൾ കസ്റ്റമർ സൊല്യൂഷൻസ്) യൂണിറ്റിനെ പ്രധാന പരസ്യ സെയിൽസ് ടീമാക്കി മാറ്റുകയാണ് കമ്പനി. ഈ പുനഃസംഘടനയിലൂടെ എൽ.ജി.എസ് വിഭാഗത്തിൽ ജോലി ചെയ്തിരുന്ന ഒരുപാട് ജീവനക്കാർക്ക് തൊഴിൽ നഷ്ടമാകും. വിവിധതരത്തിലുള്ള മാനേജ്മെൻറ് തലങ്ങൾ ഒഴിവാക്കി പ്രവർത്തനങ്ങളുടെ കാര്യക്ഷമത പ്രോത്സാഹിപ്പിക്കുക, പ്രത്യേക മേഖലകളിൽ വേഗത വർദ്ധിപ്പിക്കുക എന്നീ ലക്ഷ്യങ്ങളോടെയാണ് ഈ വർഷത്തെ പിരിച്ചു വിടലുകൾ എന്നാണ് ജീവനക്കാർക്കായുള്ള മെമ്മോയിൽ സുന്ദർ പിച്ചൈ പറയുന്നത്. ഈ ലക്ഷ്യങ്ങൾ പ്രാവർത്തികമാക്കുകയാണ് കമ്പനി ഇപ്പോൾ.
മനുഷ്യൻ വേണ്ടെന്ന് തെളിയിച്ചുകൊണ്ടിരിക്കുകയാണിപ്പോൾ എ.ഐ. കുറഞ്ഞ മാനുഷിക ഇടപെടലോടുകൂടി മികച്ച പരസ്യങ്ങൾ സ്വയം സൃഷ്ടിക്കാൻ കഴിയുന്ന എ.ഐ ടൂളുകൾകളിൽ ഗൂഗിളിന്റെ നേട്ടത്തെ തുടർന്നാണ് ഈ പുനഃ ക്രമീകരണം. ജനറേറ്റീവ് എ.ഐ കഴിവുകളുള്ള ഗൂഗിളിന്റെ ‘പെർഫോമൻസ് മാക്സ് പ്ലാറ്റ്ഫോം’ മികച്ച സെയിൽസ് ഉദ്യോഗസ്ഥരുടെ ആവശ്യകത കുറച്ചു.
നെസ്റ്റ്, ഫിറ്റ്ബിറ്റ്, ഗൂഗിൾ പിക്സൽ എന്നിവയുടെ ഹാർഡ്‌വെയർ ടീമുകൾ, സെൻട്രൽ എൻജിനീയറിങ് ടീമുകൾ, ഗൂഗിൾ അസിസ്റ്റൻറ് തുടങ്ങിയ വിഭാഗങ്ങളിലെ ഉദ്യോഗസ്ഥരെ ഗൂഗിൾ പിരിച്ചുവിട്ടിരുന്നു. കഴിഞ്ഞവർഷം ജനുവരിയിൽ കമ്പനിയിലെ പന്ത്രണ്ടായിരം പേർക്കാണ് ജോലി നഷ്ടമായത്. എ.ഐയുടെ ഈ മികച്ച പ്രകടനങ്ങൾ മറ്റു മേഖലയിലും തൊഴിൽ നഷ്ടങ്ങൾ സൃഷ്ടിക്കുമെന്നത് ഉറപ്പാണ്.

Leave a Comment

Your email address will not be published. Required fields are marked *

Scroll to Top