നഴ്സുമാർക്ക് അവസരം ഒരുക്കി യൂറോപ്യൻ രാജ്യങ്ങൾ:
2025 ഓടെ ലക്ഷക്കണക്കിന് നഴ്സുമാർക്ക് ഇംഗ്ലണ്ട്, ജർമ്മനി പോലുള്ള യൂറോപ്യൻ രാജ്യങ്ങളിൽ അവസരം ഒരുങ്ങുന്നു.ജർമ്മനിയിൽ മാത്രം ഒന്നരലക്ഷത്തോളം നഴ്സുമാർക്ക് അവസരം ഉണ്ടാകുമെന്നാണ് നോർക്കയുടെ റിപ്പോർട്ട്.
അമേരിക്കയിൽ 25 ശതമാനം വരുന്ന നഴ്സുമാരും 55 പിന്നിട്ടവരാണ്. ലോക ആരോഗ്യ സംഘടനയുടെ കണക്കുപ്രകാരം യൂറോപ്യൻ യൂണിയനിലെ 13 രാജ്യങ്ങളിൽ 40 ശതമാനം നേഴ്സുമാരും 55 കഴിഞ്ഞവരാണ്. ഇവരിൽ ഭൂരിഭാഗവും അഞ്ചുവർഷത്തിനുള്ളിൽ ജോലി വിടും. അതിനാൽ തന്നെ അത്രയും ഒഴിവ് നികത്തേണ്ടതുണ്ട്.
ജനസംഖ്യയിൽ നല്ലൊരു പങ്കും വാർദ്ധക്യത്തിലേക്ക് നീങ്ങുന്നതിനാൽ അവരെ പരിചരിക്കുന്നതിനായി ഭാഷ അറിയുന്നവരെയാണ് യൂറോപ്യൻ രാജ്യങ്ങൾ തേടുന്നത്. നഴ്സ്നിയമനത്തിൽ ഇക്കാര്യം ജർമ്മനി പ്രത്യേകം പരാമർശിക്കുന്നതിനാൽ നോർക്ക റൂട്ട്സ് ജർമൻ ഭാഷാ പഠനത്തിന് അവസരം ഒരുക്കുന്നുണ്ട്.
ഇംഗ്ലണ്ടിനും ജർമ്മനിക്കും പുറമേ ഫ്രാൻസ് ,ഡെന്മാർക്, സ്വിറ്റ്സർലാൻഡ്, നെതർലൻഡ്സ്, നോർവേ, ലക്സംബർ ഗ് തുടങ്ങിയ യൂറോപ്യൻ രാജ്യങ്ങളിലും നഴ്സുമാർക്ക് നിയമനം ഒരുങ്ങുന്നു. നഴ്സുമാരെ മാത്രമല്ല ഇന്ത്യയിൽ നിന്നുള്ള ഡോക്ടർമാരെയും യൂറോപ്യൻ രാജ്യങ്ങൾ ക്ഷണിക്കുന്നു. 22ന് നോർക്കയുടെ നേതൃത്വത്തിൽ യുകെയിലേക്ക് സൈക്യാട്രിസ്റ്റ് മാരെ നിയമിക്കുന്നതിനായി അഭിമുഖം നടത്തും.