വിദേശ പഠനം; ന്യൂനപക്ഷ വിദ്യാര്‍ഥികള്‍ക്ക് കേരള സര്‍ക്കാര്‍ സ്‌കോളര്‍ഷിപ്പ്; 5 ലക്ഷം വരെ ആനുകൂല്യം നേടാം

സംസ്ഥാനത്തെ ന്യൂനപക്ഷ വിഭാഗത്തില്‍പ്പെടുന്ന വിദ്യാര്‍ഥികള്‍ക്ക് 2023-24 അധ്യായന വര്‍ഷത്തില്‍ വിദേശ സര്‍വ്വകലാശാലകളില്‍ ബിരുദം/ ബിരുദാനന്തര ബിരുദം (Degree only)/ പിഎച്ച്ഡി കോഴ്‌സുകള്‍ക്ക് ഉന്നത പഠനം നടത്തുന്നതിന് സ്‌കോളര്‍ഷിപ്പ് അനുവദിക്കുന്നതിന് സംസ്ഥാന ന്യൂനപക്ഷ കമ്മീഷന്‍ അപേക്ഷ ക്ഷണിച്ചു.

വിദേശ ഉപരിപഠനത്തിനായി ഇന്ത്യയിലെ ദേശസാല്‍കൃത/ ഷെഡ്യൂള്‍ഡ് ബാങ്കുകളില്‍ നിന്നോ അല്ലെങ്കില്‍ കേരള സംസ്ഥാന ഡെവലപ്‌മെന്റ് ഫിനാന്‍സ് കോര്‍പ്പറേഷന്‍ എന്ന ധനകാര്യ സ്ഥാപനത്തില്‍ നിന്നോ വിദ്യാഭ്യാസ വായ്പ നേടിയിട്ടുള്ളവര്‍ക്ക് ലോണ്‍ സബ്‌സിഡിയാണ് സ്‌കോളര്‍ഷിപ്പായി അനുവദിക്കുന്നത്.

കേരളത്തില്‍ സ്ഥിര താമസക്കാരായ കേന്ദ്ര സര്‍ക്കാര്‍ മത ന്യൂനപക്ഷങ്ങളായി അംഗീകരിച്ച മുസ് ലിം, ക്രിസ്ത്യന്‍, സിഖ്, ബുദ്ധ, പാഴ്‌സി, ജൈന മതവിഭാഗങ്ങളില്‍ പെട്ട വിദ്യാര്‍ഥികള്‍ക്ക് അപേക്ഷിക്കാം.

തെരഞ്ഞെടുക്കപ്പെടുന്നവര്‍ക്ക് കോഴ്‌സ് കാലയളവില്‍ പരമാവധി 5,00,000 രൂപയാണ് സ്‌കോളര്‍ഷിപ്പ് തുകയായി അനുവദിക്കുക. ഒറ്റത്തവണ ലഭിക്കുന്ന സ്‌കോളര്‍ഷിപ്പ് പദ്ധതിയാണിത്.

ഡിപ്ലോമയോ, പോസ്റ്റ് ഡിപ്ലോമയോ പഠിക്കുന്ന വിദ്യാര്‍ഥികള്‍ക്ക് സ്‌കോളര്‍ഷിപ്പിന് അര്‍ഹതയില്ല. വിദേശ ഉപരിപഠനത്തിനായി മറ്റേതെങ്കിലും സര്‍ക്കാര്‍ ധനസഹായമോ, സ്‌കോളര്‍ഷിപ്പുകളോ ഇതിനകം ലഭിച്ചിട്ടുള്ളവര്‍ക്കും സ്‌കോളര്‍ഷിപ്പിന് അപേക്ഷിക്കാനാവില്ല.

അപേക്ഷിക്കേണ്ട രീതി
www.monoritywelfare.kerala.gov.in എന്ന വെബ്‌സൈറ്റില്‍ നിന്നും ലഭിക്കുന്ന അപേക്ഷ ഫോം പൂരിപ്പിച്ച് താഴെ പറയുന്ന രേഖകള്‍ സഹിതം ‘ ഡയറക്ടര്‍, ന്യൂനപക്ഷ ക്ഷേമ വകുപ്പ്, നാലാം നില, വികാസ് ഭവന്‍, തിരുവനന്തപുരം- 33 എന്ന വിലാസത്തില്‍ നേരിട്ട് ലഭ്യമാക്കേണ്ടതാണ്.

അപേക്ഷ ഫോം ലഭിക്കുന്നതിനും, കൂടുതല്‍ വിവരങ്ങള്‍ക്കുമായി www.minoritywelfare.kerala.gov.in. വെബ്‌സൈറ്റ് സന്ദര്‍ശിക്കുക

Leave a Comment

Your email address will not be published. Required fields are marked *

Scroll to Top